കോഴിക്കോട്, മാര്‍ച്ച് 23: മഹാത്മാഗാന്ധിയുടെ മാനസപുത്രനായിരുന്നു ഡോ. രാംമനോഹര്‍ലോഹിയയെന്ന് ഡോ. യു.ആര്‍. അനന്തമൂര്‍ത്തി അഭിപ്രായപ്പെട്ടു. അതേസമയം പ്രയാസകരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് ഗാന്ധിജിയെ ലോഹിയ അലോസരപ്പെടുത്തിയിരുന്നതായും ലോഹിയ ജന്മശതാബ്‌ദി സമ്മേളനം ഉദ്‌ഘാടനം ചയ്യവെ അദ്ദേഹം പറഞ്ഞു. ഗാന്ധിജിക്കു പിന്നാലെവന്ന ചട്ടപ്പടി ഗാന്ധിയന്‍മാരില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ ആദര്‍ശമൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ നേതാവായിരുന്നു ഡോ. രാംമനോഹര്‍ ലോഹിയയെന്ന് അനന്തമൂര്‍ത്തി ചൂണ്ടിക്കാട്ടി.
നമ്മുടെ രാജ്യത്ത് രണ്ട് തരം പൗരന്മാരുണ്ട്. ഒന്ന് ഗാന്ധിയന്‍ സമീപനമുള്ളവര്‍. മറ്റൊരു കൂട്ടര്‍ നെഹ്‌റുവിന്റെ നിലപാടുള്ളവര്‍. ജവാഹര്‍ലാല്‍ നെഹ്രു പാശ്ചാത്യ വന്‍കിട നഗരങ്ങളുടേതിനു സമാനമായ വികസനമാണ് വിഭാവനം ചെയ്തത്. എന്നാല്‍ സമൂഹത്തിലെ ഏറ്റവും ദരിദ്രരായവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന വിശാലമായ വികസന വീക്ഷണമായിരുന്നു ഗാന്ധിജിയുടെത്.ഇതില്‍ ചിന്തയിലും പ്രവര്‍ത്തിയിലും തികഞ്ഞ ഗാന്ധിയനായിരുന്നു ഡോ. ലോഹിയ. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും പലകാര്യങ്ങളിലും നെഹ്‌റുവുമായി ലോഹിയ ഏറ്റുമുട്ടുമായിരുന്നു. നഗരവത്‌കൃത സമൂഹമാണ് നെഹ്‌റുവിന്റെ വികസന കാഴ്‌ചപ്പാടെങ്കില്‍ ഗ്രാമീണ മനുഷ്യന്റെ നന്മയാണ് ലോഹിയ ലക്ഷ്യംവച്ചത്. വരേണ്യതയും ജനകീയതയും തമ്മിലുള്ള അന്തരവും അവര്‍ തമ്മിലുണ്ടായിരുന്നു. പിന്നോക്കക്കാരന്‍ ഭരണത്തിലെത്തിയാലും വരേണ്യ സ്വഭാവം കാണിക്കുമെന്ന് ലോഹിയ പറഞ്ഞു. അത് ശരിയായിരുന്നു എന്നാണ് മായാവതിയെപ്പോലുള്ളവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നതെന്നും ഡോ. മൂര്‍ത്തി പറഞ്ഞു.
ഗാന്ധിയന്‍ പ്രത്യയശാസ്ത്രത്തിന് ശാസ്ത്രീയ അടിത്തറ നല്കിയ സൈദ്ധാന്തികനായിരുന്നു രാംമനോഹര്‍ ലോഹിയയെണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു.
വെറും രാഷ്ട്രീയനേതാവല്ല, ഒരു യുഗത്തെ വിഭാവനം ചെയത മഹാനാണ് ഡോ. ലോഹ്യയെന്ന് അധ്യക്ഷപ്രസംഗത്തില്‍ എം.പി. ബാലകൃഷ്ണന്‍ പറഞ്ഞു. നിലവിലുള്ള വ്യവസ്ഥയെ വെല്ലുവിളിച്ച് പലര്‍ക്കും അസ്വസ്ഥത സൃഷ്ടിച്ച ഡോ. ലോഹിയ അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞ് എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് ഡോ. വി. രാജകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ജന്മശതാബ്ദി ആഘോഷകമ്മിറ്റിയുടെ ഉപഹാരം ഡോ. അനന്തമൂര്‍ത്തിയ്ക്ക് എം.പി. വീരേന്ദ്രകുമാര്‍ സമ്മാനിച്ചു. ചടങ്ങില്‍ പഴയകാല സോഷ്യലിസ്റ്റ് നേതാക്കളെ ആദരിച്ചു.
'ഡോ. രാംമനോഹര്‍ലോഹ്യ റിമംബേഡ്- ഹിസ് ഫിലോസഫി, സ്‌കോളര്‍ഷിപ്പ് ആന്‍ഡ് വിഷന്‍' എന്ന എസ്.ആര്‍ നാഗെയുടെ പുസ്തകം ഡോ. വി. രാജകൃഷ്ണന് നല്കി ഡോ. അനന്തമൂര്‍ത്തി പ്രകാശനം ചെയ്തു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഇ.കെ. ശ്രീനിവാസന്‍ സ്വാഗതവും വര്‍ക്കിങ് ചെയര്‍മാന്‍ പി.എം.തോമസ് നന്ദിയും പറഞ്ഞു.
ഫോട്ടോ മാതൃഭൂമി
.
2010/03/24
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.