2010/03/23
ലോഹിയ: ജന്മശതാബ്‌ദിയിലും ജ്വലിക്കുന്ന ദീപം
എന്‍.കെ. ഗംഗാധരന്‍
2010 മാര്‍ച്ച് 23: ത്യാഗത്തിന്റേയും സാഹസികതയുടേയും പാത തെരഞ്ഞെടുത്ത തളരാത്ത പോരാളിയായിരുന്ന ഡോ. രാം മനോഹര്‍ ലോഹിയയുടെ ജന്മശതാബ്‌ദി ദിനമാണിന്ന്. 1910 മാര്‍ച്ച് 23- ന് ഉത്തര്‍പ്രദേശിലെ അക്‌ബര്‍പൂരിലാണു ലോഹിയയുടെ ജനനം. ഗാന്ധിയനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഹിരലാല്‍ ലോഹിയയായിരുന്നു പിതാവ്. 1918- ലെ അഹമ്മദാബാദ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത ഹിരലാല്‍, എട്ടു വയസുള്ള രാം മനോഹറിനേയും സമ്മേളനത്തിനു കൊണ്ടുപോയി.
1920- ല്‍ ആദ്യമായി ഗാന്ധിജിയെ കണ്ട ലോഹ്യ, അദ്ദേഹത്തില്‍ ആകൃഷ്‌ടനായി. 1924- ല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍, കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തു. 1928- ല്‍ സൈമണ്‍ കമ്മിഷനെതിരേ വിദ്യാര്‍ഥികളെ നയിച്ചു. 1929- ല്‍ കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ കോളജില്‍നിന്നു ബിരുദം നേടി. ബിരുദാനന്തര പഠനം ജര്‍മനിയിലായിരുന്നു. 1932- ല്‍ ബര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും പി.എച്ച്.ഡി. ലഭിച്ചു.
1934 മേയ് 17- ന് പട്‌നയില്‍, ആചാര്യ നരേന്ദ്രദേവിന്റെ അധ്യക്ഷതയില്‍ സമ്മേളിച്ച സോഷ്യലിസ്‌റ്റുകള്‍ ദേശീയനിലവാരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഒരു സോഷ്യലിസ്‌റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു. ഈ സമ്മേളനത്തില്‍, കോണ്‍ഗ്രസ് സോഷ്യലിസ്‌റ്റ് പാര്‍ട്ടിയുടെ (സി.എസ്.പി.) രൂപരേഖ അവതരിപ്പിച്ചുകൊണ്ടാണ് ലോഹ്യ ഇന്ത്യയിലെ സോഷ്യലിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ മുന്‍പന്തിയിലേക്കു കടന്നുവന്നത്. 1936-38 കാലഘട്ടത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിദേശകാര്യ സെക്രട്ടറിയായി.
ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഇളക്കിയ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ചാലകശക്‌തിയായിരുന്നതു ഡോ. ലോഹ്യയും ജയപ്രകാശ് നാരായണനും നേതൃത്വം നല്‍കിയ സോഷ്യലിസ്‌റ്റ് പ്രവര്‍ത്തകരായിരുന്നു.
ക്വിറ്റ് ഇന്ത്യാ ആഹ്വാനത്തെത്തുടര്‍ന്ന് ഓഗസ്‌റ്റ് ഒമ്പതിനു നേതാക്കളെല്ലാം അറസ്‌റ്റിലായി. ഗാന്ധിജിയുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും അറസ്‌റ്റിനെതിരേ രാജ്യമൊട്ടാകെ പ്രകടനങ്ങള്‍ ആരംഭിച്ചു. ബ്രിട്ടീഷ് ഭരണാധികാരികളെ അമ്പരപ്പിച്ചുകൊണ്ട്, അജ്‌ഞാത കേന്ദ്രത്തില്‍നിന്നു പ്രക്ഷേപണമാരംഭിച്ച 'കോണ്‍ഗ്രസ് റേഡിയോ' ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. അജ്‌ഞാത റേഡിയോനിലയം സ്‌ഥാപിച്ച് പ്രക്ഷേപണം നടത്തിയതിന്റെ പിന്നില്‍ ഡോ. ലോഹ്യ ആയിരുന്നു. 1944- ല്‍ അറസ്‌റ്റ് ചെയ്യുന്നതുവരെ ഡോ. ലോഹ്യ ഒളിപ്പോരാളിയായി സമരം നയിച്ചു. 1946- ല്‍ ജയില്‍ മോചിതനായ ലോഹിയ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി പദവി നിരസിച്ചു.
1956- ല്‍ പ്രസിദ്ധമായ മാന്‍കൈന്‍ഡ് മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. 1951- ലെ അമേരിക്കന്‍ സന്ദര്‍ശനം ലോഹ്യയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായിരുന്നു. ആത്മത്യാഗത്തിന്റെ രാഷ്‌ട്രീയമാണ് അമേരിക്കയില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത്. നിയമലംഘനം രാഷ്‌ട്രീയമാറ്റത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോക്‌സഭയില്‍ വനിതാ സംവരണ ബില്‍ അവതരണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും പരക്കെ ചര്‍ച്ചയ്‌ക്കു വിധേയമായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ വനിതാവിവേചനത്തെ സംബന്ധിച്ച ലോഹ്യയുടെ കാഴ്‌ചപ്പാടുകള്‍ ഏറെ പ്രസക്‌തമാണ്. സ്‌ത്രീ-പുരുഷ സമത്വത്തിനുവേണ്ടി ശക്‌തമായി വാദിച്ച ലോഹ്യ, പുരുഷ മേധാവിത്വം സ്‌ഥിതിസമത്വവാദത്തിന് എതിരാണെന്ന് അഭിപ്രായപ്പെട്ടു. താന്‍ നയിച്ച സോഷ്യലിസ്‌റ്റ് പാര്‍ട്ടിയില്‍ വനിതാസംവരണം നടപ്പാക്കാന്‍ അദ്ദേഹം തയാറായി.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്‌ഥിരം നിയോജകമണ്ഡലമായ ഫുല്‍പൂരില്‍നിന്ന്, അദ്ദേഹത്തിനെതിരേ മത്സരിക്കാനുള്ള ലോഹ്യയുടെ തീരുമാനം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ നെഹ്‌റു തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം അമ്പതിനായിരം മാത്രമായിരുന്നു. 1963- ല്‍ ലോഹ്യ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ലോഹ്യയുടെ പാര്‍ലമെന്ററി ജീവിതത്തിന് കേവലം നാലുവര്‍ഷത്തെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഈ ചുരുങ്ങിയ കാലയളവില്‍ ജനജീവിതത്തിന്റെ സമസ്‌തമേഖലകളേയു ബാധിക്കുന്ന വിഷയങ്ങള്‍ അദ്ദേഹം പാര്‍ലമെന്റില്‍ കൈകാര്യം ചെയ്‌തു.
ഡോ. ലോഹ്യ രാഷ്‌ട്രീയ നേതാവ് മാത്രമായിരുന്നില്ല. ഇന്ത്യയെ കണ്ടെത്താനുള്ള യാത്രയില്‍ അദ്ദേഹം ഒരു ചരിത്രവിദ്യാര്‍ഥിയായി മാറി. ജാതിവ്യവസ്‌ഥയ്‌ക്ക് എതിരായ അദ്ദേഹത്തിന്റെ പോരാട്ടം വാക്കുകളില്‍ മാത്രം ഒതുങ്ങിനിന്നില്ല. ജാതിസമ്പ്രദായം നശിപ്പിക്കുന്നതിനുവേണ്ടിയുള്ള ആദ്യപരിശ്രമങ്ങള്‍ അദ്ദേഹം സോഷ്യലിസ്‌റ്റ് പാര്‍ട്ടിയില്‍തന്നെ ആരംഭിച്ചു.
മഹാനായ രാഷ്‌ട്രീയ ചിന്തകന്‍, ജനാധിപത്യ സോഷ്യലിസത്തിന് വിലപ്പെട്ട സംഭാവന നല്‍കിയ ദാര്‍ശനികന്‍, ജാതിചിന്തയ്‌ക്കും വര്‍ഗീയതയ്‌ക്കും വര്‍ണവിവേചനത്തിനുമെതിരെ ആഞ്ഞടിച്ച മതേതരവാദി, ക്വിറ്റ് ഇന്ത്യാ സമരമുഖത്തും സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നിരവധി പ്രക്ഷോഭങ്ങളിലും ജ്വലിച്ചുനിന്ന വിപ്ലവകാരി, അതുല്യനായ പാര്‍ലമെന്റേറിയന്‍, രാഷ്‌ട്രഭാഷയ്‌ക്കും പ്രാദേശിക ഭാഷകള്‍ക്കുംവേണ്ടി വാദിച്ച ഭാഷാപ്രേമി, ഗ്രന്ഥകാരനും പ്രഭാഷകനും, ഗംഗാനദിയുടെ മലിനീകരണത്തിനെതിരായി ശബ്‌ദമുയര്‍ത്തിയ പരിസ്‌ഥിതി പ്രേമിയായ രാഷ്‌ട്രീയ നേതാവ്- ഈ ജന്മശതാബ്‌ദിവേളയില്‍ ഡോ. ലോഹ്യയ്‌ക്ക് ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ഇന്ന് എത്രമാത്രം പ്രസക്‌തമാണ് എന്ന വിലയിരുത്തല്‍ ആവശ്യമാണ്.
ഒരു കാര്യം തീര്‍ച്ച. ലോഹിയയുടെ സിദ്ധാന്തങ്ങളെ അവഗണിച്ച് മുന്നോട്ടുപോകാനാവില്ല. കാലത്തിനു മുമ്പേ നടന്ന മഹാന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന്, കാലത്തെ അതിജീവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിക്കാന്‍ നമുക്കു കഴിയുമോ?
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.