2017/04/23

ദേശീയതയായി ഭാവിക്കുന്ന വർഗീയത യഥാർത്ഥ ഇന്ത്യൻ ദേശീയതയ്ക്കു ഭീഷണി: സോഷ്യലിസ്റ്റ് നേതാവു് ജോഷി

സമാജവാദി ജനപരിഷത്തു്‌ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു്‌ ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്‌ സംസാരിയ്‌ക്കുന്നു.
 സംസ്ഥാന ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം, സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം എൻ തങ്കപ്പൻ എന്നിവർ സമീപം.

കൂത്താട്ടുകുളം: ദേശീയതയായി ഭാവിക്കുന്ന വർഗീയത യഥാർത്ഥ ഇന്ത്യൻ ദേശീയതയ്ക്കു ഭീഷണിയാണെന്ന് സമാജവാദിജനപരിഷത്തു്‌ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ജോഷി ജേക്കബ്‌ പ്രസ്‌താവിച്ചു. കൂത്താട്ടുകുളത്ത് കെ.പി. ജനാർദ്ദനൻ നമ്പൂതിരി നഗരിയിൽ (ഹൗസ്കോസ് ഓഡിറ്റോറിയം) 2017 ഏപ്രിൽ 23 നു് രാവിലെ സമാജവാദി ജനപരിഷത്തു്‌ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു്‌ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

മാനവീയതയ്ക്കു നേരെയുയർന്നിരിക്കുന്ന മാരകമായ ഭീഷണിയെന്ന നിലയിലാണ് ലോകമെമ്പാടും വർഗീയത ശക്തിയാർജിച്ചു വരുന്നതിനെ കാണേണ്ടത്. ജനങ്ങളെയും ജനങ്ങളുടെ ചിന്തയെയും സംസ്‌കാരത്തെയും കോർപ്പറേറ്റു ശക്തികൾ അവരുടെ സ്ഥാപിത താല്പര്യത്തിനനുസരിച്ച് രൂപപ്പെടുത്തുന്നതിനെ നേരിടുവാന്‍ ജനകീയശക്തികൾക്കു കഴിയുന്നില്ല . പൊതുജനാഭിപ്രായം വഴി തെറ്റിക്കപ്പെടുന്നത് ആശങ്കയുണർത്തുന്നതാണെന്നു് അദ്ദേഹം കൂട്ടിച്ചേർത്തു.

കുത്തകകൾ ജനിതകമാറ്റം വരുത്തിയിറക്കിയിരിക്കുന്ന അന്തകവിത്തുകൾ വ്യാപകമായിക്കൊണ്ടിരിക്കുന്നത് യഥാർത്ഥ വിത്തുകൾ ഇല്ലാതാക്കുമെന്നും ലോകനാഗരികതയ്ക്കും ഭൂമിയിലെ ജീവിവർഗത്തിനു മൊത്തത്തിലും ഭീഷണിയാണെന്നും പ്രതിനിധിസമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആശങ്ക പ്രകടിപ്പിച്ചു . ഏപ്രിൽ 22ന് പാലക്കാട് കളക്ടറേറ്റിനു മുമ്പിൽ ആരംഭിച്ച അനിശ്ചിതകാല പ്ലാച്ചിമടസത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച സമ്മേളനം ആതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കുള്ള നീക്കങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

തിബത്തൻ ജനതയുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും തിബത്തൻ പ്രശ്‌നപരിഹാരത്തിനായി ചൈന ധർമശാലയിലെ തിബത്തൻ പ്രവാസിസർക്കാരുമായി ചർച്ച ചെയ്ത് ഒത്തുതീർപ്പിലെത്തണമെന്നും സമാജവാദി ജനപരിഷത്ത് സമ്മേളനം ആവശ്യപ്പെട്ടു. അരുണാചലപ്രദേശിനു മേൽ അവകാശവാദം ഉയർത്താനും ചില സ്ഥലങ്ങൾക്കു പേരു നൽകുവാനും ചൈനീസ് അധിനിവേശവാദികൾ നടത്തുന്ന ശ്രമത്തിനെതിരെ ഇന്ത്യ രാജ്യാന്തര പിന്തുണ തേടണം.

ജമ്മു-കാശ്മീർ സംസ്ഥാനത്തെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിറുത്തണമെന്ന ഉദ്ദേശ്യത്തോടെ ജനങ്ങളുടെ വിശ്വാസമാർജിക്കാനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ മുൻഗണന നല്കണമെന്നു് സമ്മേളനം നിർദേശിച്ചു.

സംസ്ഥാനപ്രസിഡന്റായി അഡ്വ വിനോദ്‌ പയ്യടയെയും (കണ്ണൂർ) ജനറൽ സെക്രട്ടറിയായി എബി ജോൺ വൻനിലത്തെയും (എറണാകുളം) വീണ്ടും തെരഞ്ഞെടുത്ത സമ്മേളനം 21 സംസ്ഥാനസമിതിയംഗങ്ങളെയും തെരഞ്ഞെടുത്തു.

പഴയകാല സോഷ്യലിസ്റ്റ് നേതാക്കളായ ചിത്ത ഡേ, പി.കെ.ആണ്ടിയച്ചൻ, പി.ബി.ആർ പിള്ള, റാം ഇക്ബാൽ, വർസി, ആർ.കെ.നമ്പ്യാർ, എൻ.കെ.ഗംഗാധരൻ, പി.വിശ്വംഭരൻ, ജനാർദ്ദനൻ നമ്പൂതിരി, രവി റായ് എന്നിവരുടെ നിര്യാണത്തിൽ സമ്മേളനം അനുശോചിച്ചു.

പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാനപ്രസിഡന്റ്‌ അഡ്വ വിനോദ്‌ പയ്യട അദ്ധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി എബി ജോൺ വൻനിലവും രാഷ്ട്രീയ പ്രമേയം സംസ്ഥാനവൈസ് പ്രസിഡന്റ്‌ എം എൻ തങ്കപ്പനും സാമൂഹിക പ്രമേയം അഡ്വ ജയിമോൻ തങ്കച്ചനും അവതരിപ്പിച്ചു. സുരേഷ്‌ നരിക്കുനി, എം എൻ തങ്കപ്പൻ, കുരുവിള ജോൺ , ഫ്രാൻസിസ്‌ ഞാളിയൻ, ജിജി ജോൺ ,ഷാജി മോൻ പി.കെ, ഡേവിഡ് രാജു, അഡ്വ കുതിരോട്ട് പ്രദീപൻ തോമസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദേശീയ സമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജടേശ്വറിൽ ചേരുന്നതിന്റെ മുന്നോടിയായാണു് കേരള സംസ്ഥാന പ്രതിനിധി സമ്മേളനം ചേർന്നത്.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.