2017/07/08

സുരേഷ് നരിക്കുനിയുടെ പിതാവു് ഗോപാലൻ നായർ അന്തരിച്ചു


സമാജവാദി ജനപരിഷത്ത് സംസ്ഥാന നേതാവു് സ. സുരേഷ് നരിക്കുനിയുടെ പിതാവു് കാവുംപോയിൽ വള്ളിക്കാട്ടു്, മലയിൽ ഗോപാലൻ നായർ 2017 ജൂലൈ 5 ബുധനാഴ്ച അന്തരിച്ചു. 94 വയസ്സായിരുന്നു.

സംസ്കാരം പിറ്റേന്നു വ്യാഴാഴ്ച നടന്നു. സമാജവാദി ജനപരിഷത്ത് സംസ്ഥാന-ജില്ലാ നേതാക്കൾ അന്ത്യോപചാരം അരപ്പിയ്ക്കാനെത്തിയിരുന്നു. സംസ്ഥാനസമിതിയംഗം സ. അഡ്വ. കുതിരോട്ടു പ്രദീപൻ, സ. ജോസ് വേളാശേരി എന്നിവർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. സമാജവാദി ജനപരിഷത്ത് സംസ്ഥാനപ്രസിഡന്റ് വിനോദ് പയ്യട വീട്ടിലെത്തി സംസ്ഥാന സമിതിയുടെ അനുശോചനം അറിയിച്ചു. സമാജവാദി ജനപരിഷത്ത് ദേശീയ നേതാവും മുൻ പ്രസിഡന്റുമായ സ. ജോഷി ജേക്കബ്ബിനും സമാജവാദി ജനപരിഷത്ത് സംസ്ഥാനസമിതിയ്ക്കും സംസ്ഥാന ജനറൽ സെക്രട്ടറി സ. എബി ജോൺ വൻനിലത്തിനും വേണ്ടി പുഷ്പചക്രം സമർപ്പിയ്ക്കപ്പെട്ടു.

പത്മാവതിയമ്മയാണു ഭാര്യ. കമലാക്ഷി, ശശികുമാർ (കൊല്ലം) സുരേഷ് നരിക്കുനി, ജയാനന്തൻ എന്നിവർ മക്കളാണു്.

2017/05/01

സമാജവാദി ജനപരിഷത്ത് കമൽ ബാനർജി ദേശീയ പ്രസിഡന്റ്, അഫ്‌ലാത്തുൻ ജനറൽ സെക്രട്ടറി


കമൽ ബാനർജി


അഫ്‌ലാത്തുൻ

ജടേശ്വർ, (ജൽപായിഗുഡി ജില്ല, പശ്ചിമ ബംഗാൾ): സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദ്വൈ വാർഷിക ദേശീയ സമ്മേളനം പുതിയ ദേശീയ പ്രസിഡന്റായി അഡ്വ. കമൽ ബാനർജിയെയും (പശ്ചിമ ബംഗാൾ) ജനറൽ സെക്രട്ടറിയായി അഫ്‌ലാത്തുനിനെയും (ഉത്തരപ്രദേശ്) രണ്ടു് വർഷത്തേയ്ക്കുള്ള ദേശീയ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു. പുതിയ ദേശീയ നിർവാഹക സമിതിയോഗംചേർന്നു് വൈസ് പ്രസിഡന്റുമാരായി അഡ്വ. നിഷ ശിവുർക്കർ മഹാരാഷ്ട്രം),ലിംഗരാജ് ആസാദ് (ഉഡീഷ) അജയ് ഖരെ (മദ്ധ്യപ്രദേശ്) എന്നിവരെയും ഖജാൻജിയായി ചന്ദ്രഭൂഷൺ ചൗദ്ധരിയെയും (ഝാർഖണ്ഡ്) സംഘടനാ സെക്രട്ടറിയായി രഞ്ജിത് റായിയെയും (പശ്ചിമ ബംഗാൾ) സെക്രട്ടറിയായി ഫാഗ് റാമിനെയും (മദ്ധ്യപ്രദേശ്) തെരഞ്ഞെടുത്തു. കേരളത്തിൽനിന്നുള്ള അഡ്വ. ജോഷി ജേക്കബ്ബ് ദേശീയ നിർവാഹക സമിതിയംഗമാണു്.
ജോഷി ജേക്കബ്ബ്

പശ്ചിമ ബംഗാളിലെ ജൽപായിഗുഡി ജില്ലയിലെ ജടേശ്വർ നഗരത്തിൽ സോഷ്യലിസ്റ്റ് നേതാവ് ചിത്തഡേയുടെ പേരുനല്കിയ സമ്മേളന സ്ഥലത്ത് ഏപ്രിൽ 29, 30 മെയ് 1 തിയ്യതികളിലായാണു് ദേശീയ സമ്മേളനം നടന്നതു്. സ്ഥാനമൊഴിയുന്ന ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്ബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രമുഖസോഷ്യലിസ്റ്റ് ചിന്തകനായ സച്ചിദാനന്ദ സിൻഹയാണു് ഉദ്ഘാടനം ചെയ്തതു്.

പുതിയ ജനറൽ സെക്രട്ടറി അഫ്‌ലാത്തുൻ, മഹാത്മാഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന മഹാദേവ ദേശായിയുടെ മകനായ നാരായണദേശായിയുടെ മകനാണു്.

2017/04/23

ദേശീയതയായി ഭാവിക്കുന്ന വർഗീയത യഥാർത്ഥ ഇന്ത്യൻ ദേശീയതയ്ക്കു ഭീഷണി: സോഷ്യലിസ്റ്റ് നേതാവു് ജോഷി

സമാജവാദി ജനപരിഷത്തു്‌ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു്‌ ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്‌ സംസാരിയ്‌ക്കുന്നു.
 സംസ്ഥാന ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം, സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം എൻ തങ്കപ്പൻ എന്നിവർ സമീപം.

കൂത്താട്ടുകുളം: ദേശീയതയായി ഭാവിക്കുന്ന വർഗീയത യഥാർത്ഥ ഇന്ത്യൻ ദേശീയതയ്ക്കു ഭീഷണിയാണെന്ന് സമാജവാദിജനപരിഷത്തു്‌ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ജോഷി ജേക്കബ്‌ പ്രസ്‌താവിച്ചു. കൂത്താട്ടുകുളത്ത് കെ.പി. ജനാർദ്ദനൻ നമ്പൂതിരി നഗരിയിൽ (ഹൗസ്കോസ് ഓഡിറ്റോറിയം) 2017 ഏപ്രിൽ 23 നു് രാവിലെ സമാജവാദി ജനപരിഷത്തു്‌ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു്‌ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

മാനവീയതയ്ക്കു നേരെയുയർന്നിരിക്കുന്ന മാരകമായ ഭീഷണിയെന്ന നിലയിലാണ് ലോകമെമ്പാടും വർഗീയത ശക്തിയാർജിച്ചു വരുന്നതിനെ കാണേണ്ടത്. ജനങ്ങളെയും ജനങ്ങളുടെ ചിന്തയെയും സംസ്‌കാരത്തെയും കോർപ്പറേറ്റു ശക്തികൾ അവരുടെ സ്ഥാപിത താല്പര്യത്തിനനുസരിച്ച് രൂപപ്പെടുത്തുന്നതിനെ നേരിടുവാന്‍ ജനകീയശക്തികൾക്കു കഴിയുന്നില്ല . പൊതുജനാഭിപ്രായം വഴി തെറ്റിക്കപ്പെടുന്നത് ആശങ്കയുണർത്തുന്നതാണെന്നു് അദ്ദേഹം കൂട്ടിച്ചേർത്തു.

കുത്തകകൾ ജനിതകമാറ്റം വരുത്തിയിറക്കിയിരിക്കുന്ന അന്തകവിത്തുകൾ വ്യാപകമായിക്കൊണ്ടിരിക്കുന്നത് യഥാർത്ഥ വിത്തുകൾ ഇല്ലാതാക്കുമെന്നും ലോകനാഗരികതയ്ക്കും ഭൂമിയിലെ ജീവിവർഗത്തിനു മൊത്തത്തിലും ഭീഷണിയാണെന്നും പ്രതിനിധിസമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആശങ്ക പ്രകടിപ്പിച്ചു . ഏപ്രിൽ 22ന് പാലക്കാട് കളക്ടറേറ്റിനു മുമ്പിൽ ആരംഭിച്ച അനിശ്ചിതകാല പ്ലാച്ചിമടസത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച സമ്മേളനം ആതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കുള്ള നീക്കങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

തിബത്തൻ ജനതയുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും തിബത്തൻ പ്രശ്‌നപരിഹാരത്തിനായി ചൈന ധർമശാലയിലെ തിബത്തൻ പ്രവാസിസർക്കാരുമായി ചർച്ച ചെയ്ത് ഒത്തുതീർപ്പിലെത്തണമെന്നും സമാജവാദി ജനപരിഷത്ത് സമ്മേളനം ആവശ്യപ്പെട്ടു. അരുണാചലപ്രദേശിനു മേൽ അവകാശവാദം ഉയർത്താനും ചില സ്ഥലങ്ങൾക്കു പേരു നൽകുവാനും ചൈനീസ് അധിനിവേശവാദികൾ നടത്തുന്ന ശ്രമത്തിനെതിരെ ഇന്ത്യ രാജ്യാന്തര പിന്തുണ തേടണം.

ജമ്മു-കാശ്മീർ സംസ്ഥാനത്തെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിറുത്തണമെന്ന ഉദ്ദേശ്യത്തോടെ ജനങ്ങളുടെ വിശ്വാസമാർജിക്കാനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ മുൻഗണന നല്കണമെന്നു് സമ്മേളനം നിർദേശിച്ചു.

സംസ്ഥാനപ്രസിഡന്റായി അഡ്വ വിനോദ്‌ പയ്യടയെയും (കണ്ണൂർ) ജനറൽ സെക്രട്ടറിയായി എബി ജോൺ വൻനിലത്തെയും (എറണാകുളം) വീണ്ടും തെരഞ്ഞെടുത്ത സമ്മേളനം 21 സംസ്ഥാനസമിതിയംഗങ്ങളെയും തെരഞ്ഞെടുത്തു.

പഴയകാല സോഷ്യലിസ്റ്റ് നേതാക്കളായ ചിത്ത ഡേ, പി.കെ.ആണ്ടിയച്ചൻ, പി.ബി.ആർ പിള്ള, റാം ഇക്ബാൽ, വർസി, ആർ.കെ.നമ്പ്യാർ, എൻ.കെ.ഗംഗാധരൻ, പി.വിശ്വംഭരൻ, ജനാർദ്ദനൻ നമ്പൂതിരി, രവി റായ് എന്നിവരുടെ നിര്യാണത്തിൽ സമ്മേളനം അനുശോചിച്ചു.

പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാനപ്രസിഡന്റ്‌ അഡ്വ വിനോദ്‌ പയ്യട അദ്ധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി എബി ജോൺ വൻനിലവും രാഷ്ട്രീയ പ്രമേയം സംസ്ഥാനവൈസ് പ്രസിഡന്റ്‌ എം എൻ തങ്കപ്പനും സാമൂഹിക പ്രമേയം അഡ്വ ജയിമോൻ തങ്കച്ചനും അവതരിപ്പിച്ചു. സുരേഷ്‌ നരിക്കുനി, എം എൻ തങ്കപ്പൻ, കുരുവിള ജോൺ , ഫ്രാൻസിസ്‌ ഞാളിയൻ, ജിജി ജോൺ ,ഷാജി മോൻ പി.കെ, ഡേവിഡ് രാജു, അഡ്വ കുതിരോട്ട് പ്രദീപൻ തോമസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദേശീയ സമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജടേശ്വറിൽ ചേരുന്നതിന്റെ മുന്നോടിയായാണു് കേരള സംസ്ഥാന പ്രതിനിധി സമ്മേളനം ചേർന്നത്.

2017/04/22

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദ്വൈവാർഷിക സംസ്ഥാന സമ്മേളനം ഏപ്രിൽ 23ന്


കൂത്താട്ടുകുളം -- സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം 2017 ഏപ്രിൽ 23 ഞായറാഴ്ച കൂത്താട്ടുകുളത്ത് ഹൗസ്കോസ് ഓഡിറ്റോറിയത്തിൽ നടക്കും. ഈയിടെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവു് കെ.പി. ജനാർദ്ദനൻ നമ്പൂതിരിയുടെ പേരുനല്കിയിട്ടുള്ള സമ്മേളനനഗരിയിൽ രാവിലെ പത്തുമണിയ്ക്കു് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും സംസ്ഥാനസമിതിയെയും പ്രതിനിധിസമ്മേളനംതെരഞ്ഞെടുക്കും.

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദേശീയ സമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജടേശ്വറിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേരുന്നത്.

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദ്വൈവാർഷിക സംസ്ഥാന സമ്മേളനം ഏപ്രിൽ 23ന് കൂത്താട്ടുകുളത്ത്


കൂത്താട്ടുകുളം -- സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം 2017 ഏപ്രിൽ 23 ഞായറാഴ്ച കൂത്താട്ടുകുളത്ത് ഹൗസ്കോസ് ഓഡിറ്റോറിയത്തിൽ നടക്കും. ഈയിടെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവു് കെ.പി. ജനാർദ്ദനൻ നമ്പൂതിരിയുടെ പേരുനല്കിയിട്ടുള്ള സമ്മേളനനഗരിയിൽ രാവിലെ പത്തുമണിയ്ക്കു് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും സംസ്ഥാനസമിതിയെയും പ്രതിനിധിസമ്മേളനംതെരഞ്ഞെടുക്കും.

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദേശീയ സമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജടേശ്വറിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേരുന്നതെന്നു് സംസ്ഥാന ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം അറിയിച്ചു.
സുപ്രഭാതം ദിനപത്രം 2017 ഏപ്രിൽ 21

2017/04/10

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദേശീയ ദ്വൈവാർഷികസമ്മേളനനഗരിയ്ക്കു് സഖാവ് ചിത്ത ഡേയുടെ പേരു്


സഖാവ് ചിത്ത ഡേ  Chitta Dey चित्त डे 1928-2015
സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദേശീയ ദ്വൈവാർഷികസമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജയ്പായിഗുഡി ജില്ലയിലെ ജടേശ്വറിൽ ചേരും. ബംഗാളിലെ ചായത്തോട്ടം തൊഴിലാളികളുടെ അനിഷേധ്യനായ നേതാവും സോഷ്യലിസ്റ്റും സമാജവാദി ജന പരിഷത്തിന്റെ ദേശീയ നേതാവുമായിരുന്ന സഖാവ് ചിത്ത ഡേയുടെ പേരിലുളള നഗരിയിലാണ് സമ്മേളനം നടക്കുക. എൺപത്തേഴാമത്തെവയസ്സിൽ 2015 ഡിസംബർ 28-ന് ജയ്പായിഗുഡിയിലാണു് സഖാവ് ചിത്ത ഡേ അന്തരിച്ചതു് .
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 500 ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്നാണു് പ്രതീക്ഷിയ്ക്കുന്നതു്.


Veteran Socialist & Trade Union Leader Comrade Chitta Dey Passed Away

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദേശീയ ദ്വൈവാർഷികസമ്മേളനം പശ്ചിമ ബംഗാളിലെ ജടേശ്വറിൽ


കേസല -- സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദേശീയ ദ്വൈവാർഷികസമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജയ്പായിഗുഡി ജില്ലയിലെ ജടേശ്വറിൽ ചേരുവാൻ തീരുമാനിച്ചു. ജനുവരി 7, 8 തീയതികളില്‍ മദ്ധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിലെ ഇട്ടാർസിയുടെ സമീപത്തുള്ള കേസലയിൽ കൂടിയ സമാജവാദി ജനപരിഷത്തിന്റെ ദേശീയ നിർവ്വഹണ സമിതി യോഗമാണു് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതു്. ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് അദ്ധ്യക്ഷനായിരുന്നു.

2017/03/27

സമാജവാദി ജനപരിഷത്ത് ദേശീയ സമ്മേളനങ്ങൾ


സ്ഥാപന സമ്മേളനം (ഒന്നാം സമ്മേളനം)
1994 ഡിസംബർ 31,1995, ജനുവരി 1,2 ഠാണെ (മഹാരാഷ്ട്ര)
പ്രസിഡന്റ് : ജുഗൽകിഷോർ റായ്ബീർ
ജനറൽ സെക്രട്ടറി : ഭായിവൈദ്യ

ഒന്നാം ദ്വൈവാർഷിക ദേശീയ സമ്മേളനം (രണ്ടാം ദേശീയസമ്മേളനം)
1997 ജനുവരി 18,19 ബീഹാറിലെ സിയാൻ ജില്ലയിലെ പഞ്ച്‌വാർ
പ്രസിഡന്റ് : വിഷ്ണുദേവ് ഗുപ്ത
ജനറൽ സെക്രട്ടറി : ഭായിവൈദ്യ
രണ്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (മൂന്നാം സമ്മേളനം)
1999 ഫെബ്രുവരി 13,14 സാരനാഥം (ഉത്തർപ്രദേശ്)
പ്രസിഡന്റ് : കിഷൻ പട്‌നായക്
ജനറൽ സെക്രട്ടറി : വിനോദ് പ്രസാദ് സിംഗ്

മൂന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (നാലാം സമ്മേളനം)
2001 മെയ് 19,20 മഹാരാഷ്ട്രത്തിലെ ഔറംഗാബാദ്
ദേശീയ പ്രസിഡന്റ് : കിഷൻ പട്‌നായക്
ജനറൽ സെക്രട്ടറി :വിനോദ് പ്രസാദ് സിംഹ്

നാലാം ദ്വൈവാർഷിക ദേശീയസമ്മളനം (അഞ്ചാം സമ്മേളനം)
2003 ഫെബ്രുവരി 1,2,3 ഇട്ടാർസി (മദ്ധ്യപ്രദേശ്)
പ്രസിഡന്റ് : വിനോദ് പ്രസാദ് സിംഹ് (ബീഹാർ)
ജനറൽ സെക്രട്ടറി : സുനിൽ (മദ്ധ്യപ്രദേശ്)

അഞ്ചാം ദ്വൈവാർഷിക ദേശീയസമ്മേളനം (ആറാം സമ്മേളനം)
2005 മാർച്ച് 13,14,15 ജൂലായ് ഗുഡി (പശ്ചിമ ബംഗാൾ)
പ്രസിഡന്റ് : വിനോദ് പ്രസാദ് സിംഹ്
ജനറൽ സെക്രട്ടറി : സുനിൽ

ആറാം ദ്വൈവാർഷിക ദേശീയസമ്മേളനം (ഏഴാം സമ്മേളനം)
2007മാർച്ച് 16,17,18 ബർഗഢ് (Bargarh) (ഓഡിഷ)
പ്രസിഡന്റ് : ജുഗൽ കിഷോർ റായിബീർ (പശ്ചിമ ബംഗാൾ)
ജനറൽ സെക്രട്ടറി : ലിംഗരാജ് പ്രധാൻ (ഒഡീഷ)
(ജുഗൽ കിഷോർ റായിബീർ 2007 നവംബർ 6ആം തിയതി അന്തരിച്ചു. 2007 ഡി. 7,8 തിയതികളിൽ പശ്ചിമബംഗാളിലെ ജല്പായിഗുഡിയിൽ ചേർന്ന ദേശീയകൗൺസിൽ യോഗം വൈസ്പ്രസിഡന്റ് സുനിലിനെ (മദ്ധ്യ പ്രദേശ്) പ്രസിഡന്റായി നിയമിച്ചു).
ഇടക്കാല പ്രസിഡന്റ് : സുനിൽ

ഏഴാം ദ്വൈവാർഷിക ദേശീയസമ്മേളനം (എട്ടാം സമ്മേളനം)
2009 ഒക്ടോബർ 28,29,30 ധൻബാദ് (ഝാർഖണ്ഡ്) ജുഗൽ കിഷോർ റായ്ബീർ ഗ്രാമം
പ്രസിഡന്റ് : ലിംഗരാജ് പ്രധാൻ (ഒഡീശ)
ജനറൽ സെക്രട്ടറി : സോമനാഥ് ത്രിപാഠി (ഉത്തര പ്രദേശ്)

എട്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (ഒമ്പതാം സമ്മേളനം)
2011 ഒക്ടോബർ 10,11,12 സാസറാം (ബീഹാർ)
പ്രസിഡന്റ് : ലിംഗരാജ് (ഒഡീശ)
ജനറൽ സെക്രട്ടറി : ഡോ.സോമനാഥ ത്രിപാഠി (ഉത്തര പ്രദേശ്)
സോമനാഥ് ത്രിപാഠി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് 2012 ഡിസംബർ 13,14,15,16 വരെ വർദ്ധയിലെ സേവാശ്രമത്തിൽ നടന്ന ദേശീയ കൗൺസിൽ യോഗം സെക്രട്ടറിമാരിലൊരാളായ ജോഷി ജേക്കബ്ബിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചു.
ഇടക്കാല ജനറൽ സെക്രട്ടറി : ജോഷി ജേക്കബ്

ഒമ്പതാം ദ്വൈവാർഷിക ദേശീയസമ്മേളനം (പത്താം സമ്മേളനം)
2013 ജൂൺ 10,11,12 വാരണാസി (ഉത്തര പ്രദേശ്)
പ്രസിഡന്റ് : ജോഷി ജേക്കബ്
ജനറൽ സെക്രട്ടറി : സുനിൽ
(2014 ഏപ്രിൽ 21 സുനിൽ അന്തരിച്ചു. 2014 മെയ് 23,24,25 തിയതികളിൽ പ.ശ്ചിമ ബംഗാളിലെ ജല്പായ്ഗുഡിയിലെ സമര കേന്ദ്രത്തിൽ ചേർന്ന നാഷണൽ കൗൺസിലിൽ ലിംഗരാജ് ആസാദിനെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.)
ഇടക്കാല ജനറൽ സെക്രട്ടറി : ലിംഗരാജ് ആസാദ്‌

പത്താം ദ്വൈവാർഷിക ദേശീയസമ്മേളനം (പതിനൊന്നാം സമ്മേളനം)
2015 ഏപ്രിൽ 24, 25, 26 (സുനിൽഭായ് നഗർ, കോട്ടയം ( കേരളം)
പ്രസിഡന്റ് : ജോഷി ജേക്കബ്
ജനറൽ സെക്രട്ടറി : ലിംഗരാജ് ആസാദ്‌

പതിനൊന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (പന്ത്രണ്ടാം സമ്മേളനം)
2017 ഏപ്രിൽ 29,30, മെയ് 1, ചിത്ത ഡേ നഗരി, ജടേശ്വർ (പശ്ചിമ ബംഗാളിലെ ജയ്പായിഗുഡി ജില്ല)

2017/03/06

ജനാർദനൻ നമ്പൂതിരി: നഷ്ടമായത് പ്രാദേശിക ഭാഷാ സ്നേഹിയെ


മലയാള മനോരമ സ്വന്തം ലേഖകൻ

ചെർപ്പുളശേരി∙ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് കെ.ജനാർദനൻ നമ്പൂതിരി യാത്രയാകുമ്പോൾ നഷ്ടമാകുന്നതു ജനകീയ ഭാഷകളുടെ പ്രചാരണത്തിന്റെ മുൻ നിരയിൽനിന്ന ഒരാളെ. സംസാരത്തിലും കത്തെഴുത്തിലും പരമാവധി പ്രാദേശിക ഭാഷകൾ മാത്രം ഉപയോഗിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. മേൽവിലാസം എഴുതുമ്പോൾ പോലും ഈ നിഷ്കർഷ സ്വയം പുലർത്തിയിരുന്നു. പോസ്റ്റ് എന്നതിനു പകരം തപാൽ എന്നേ എഴുതിയിരുന്നുള്ളൂ.

ഹിന്ദി ഭാഷയുടെ പ്രചാരണത്തിന് എല്ലാ പിന്തുണയും നൽകി. ദേശീയതലത്തിലുള്ള മുതിർന്ന നേതാക്കളും പ്രവർത്തകരുമായി ഹൃദ്യമായ വ്യക്തി ബന്ധം സൂക്ഷിക്കാൻ ഈ ഭാഷാ സ്നേഹത്തിലൂടെ കഴിഞ്ഞു. മഹാത്മാഗാന്ധി, ഡോ. റാം മനോഹർ ലോഹ്യ എന്നിവരുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കാനും മുൻകയ്യെടുത്തു.

ഈ പുസ്തകങ്ങൾ നിറച്ച ഖാദി സഞ്ചിയുമായി കേരളം മുഴുവൻ അവസാന കാലംവരെ യാത്ര ചെയ്തു. പ്രായത്തിന്റെ അവശതകൾ മാറ്റിവച്ചും ജനകീയ പ്രസ്ഥാനങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്നതിനുള്ള യാത്രകളിലായിരുന്നു അദ്ദേഹം. അനുശോചിച്ചു മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് കെ.ജനാർദനൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സമാജ്‌ വാദി ജൻപരിഷത് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ്, ലോഹ്യാ വിചാർ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ.ശ്രീനിവാസൻ എന്നിവർ അനുശോചിച്ചു.

മലയാള മനോരമ

സമാജവാദി ജനപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജനാർദ്ദനൻ നമ്പൂതിരി അന്തരിച്ചു



ചെർപ്പുളശേരി (പാലക്കാടു്): സമാജ്‌വാദി ജനപരിഷദ് സംസ്ഥാന വൈസ് പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ കെ.പി.ജനാർദ്ദനൻ നമ്പൂതിരി അന്തരിച്ചു. 87 വയസ്സായിരുന്നു.

 മാർച്ച് നാല് ശനിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് പാലക്കാട് വാണിയംകുളം പി.കെ.ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാർച്ച് ഒന്നാം തീയതിയാണു് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു്.

സംസ്കാരം മാർച്ച് ആറു് തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമണിയ്ക്കു *അടയ്ക്കാപുത്തൂരിലെ അഭയം മനവളപ്പിൽ നടന്നു.

ഡോ. റാം മനോഹർ ലോഹിയാ രൂപവത്കരിച്ച 1955-ലെ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന ജനാർദ്ദനൻ നമ്പൂതിരി അവസാന നിമിഷം വരെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ധാരയിൽ ഉറച്ചു നിന്നു. ലോഹ്യാ വിചാരവേദി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ചാലക്കുടി കൂനമ്പിള്ളിമനയിലെ അംഗമായ അദ്ദേഹം 70 വർഷമായി ഹിന്ദി പ്രചാരക് ആയി പ്രവർത്തിക്കുകയായിരുന്നു.

സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ്, ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യം ദേശീയ കൺവീനറും പ്ലാച്ചിമട സമരസമതി ചെയർമാനുമായ വിളയോടി ഗോപാലൻ, സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യട, ഡി.സി.സി (ഐ) പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ, ലോഹ്യാ വിചാര വേദി നേതാവു് വിദ്യാധരൻ കെ. തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. സംസ്‌കാരത്തെ തുടർന്ന് അനുശോചനയോഗം നടന്നു.


സഹധർമ്മിണി സാവിത്രി അന്തർജനം അടയ്ക്കാപുത്തൂർ ഹൈസ്കൂൾ റിട്ട. അധ്യാപികയാണു്. മക്കൾ ഹരി നാരായണൻ ഡൽഹിയിൽ ഇ ഐ എൽ എഞ്ചിനിയറും ജയ നാരായണൻ ഓസ്ട്രേലിയയിലും ബാബു നാരായണൻ ചെന്നൈ ഐ.റ്റി.ഐ ഗവേഷകനും ആണു്. നിർമല, ഗീത, ശാലിനി എന്നിവരാണു് മരുമക്കൾ.



സഖാവ് ജനാർദ്ദനൻ നമ്പൂതിരി (1930 - 2017)

ജോഷിജേക്കബ്, സമാജവാദി ജനപരിഷത് ദേശീയ അദ്ധ്യക്ഷൻ

സമാജവാദി ജനപരിഷത്തിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ. എസ് ജനാർദ്ദനൻ നമ്പൂതിരി 2017 മാർച്ച് നാലാം തീയതി ശനിയാഴ്ച വൈകിട്ട് അന്തരിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഹിന്ദി പ്രചാരകനായി പൊതുരംഗത്തേക്ക് കടന്നു വന്ന അദ്ദേഹം പിന്നീട് ഹിന്ദി അദ്ധ്യാപകനായിരുന്നു. അദ്ദേഹം ഡോ. രാംമനോഹർ ലോഹിയയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയിൽ അദ്ദേഹം ഉറച്ചു നിന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലും സോഷ്യലിസ്റ്റ് ആശയത്തിലും പരമ്പരാഗത സോഷ്യലിസ്റ്റുകളെ അലോസരപ്പെടുത്തിയ ജാതിയുടെയും ചെറുകിട യന്ത്രത്തിന്റെയും ഉൾപ്പെടെയുള്ള മൌലിക മാറ്റം ഉണ്ടാക്കിയ ലോഹിയയുടെ ആശയാദർശങ്ങളിൽ അവസാനം ശ്വാസം വരെ അദ്ദേഹം ഉറച്ചു നിന്നു.
ലോഹിയ വിചാര വേദിയുടെ മുതിര്‍ന്ന നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം സമാജവാദി ജനപരിഷത്തിന്റെ രൂപീകരണ പ്രക്രിയയിലും സജീവമായി പങ്കാളിയായി. ലോഹിയ വിചാര വേദിയിലെ മുതിന്നവരിൽ നിന്നും പി വി കുര്യൻ, കെ രമേശ്, സി ജെ അബ്രാഹം, ജോസ് സഖറിയാസ്, ജനാർദ്ദനൻ നമ്പൂതിരി, എൻ ശ്രീനിവാസൻ, പി കെ ഗോപാലൻ മാഷ്, ഉമ്മർ ഷാ തുടങ്ങിയ വളരെ ചുരുങ്ങിയ ആളുകൾ മാത്രമാണ് വ്യവസ്ഥാപിത രാഷ്ട്രീയത്തിന് പുറത്തുള്ള പുതിയ ചുവട് വയ്പായി ആരംഭിച്ച സമാജവാദി ജനപരിഷത്തിന്റെ രൂപീകരണ പ്രക്രിയയിൽ ഭാഗഭാഗിത്തം വഹിക്കുവാൻ തയ്യാറായത്. മുംബൈയിൽ ഠാണെയിൽ വച്ചു നടന്ന പാർട്ടിയുടെ സ്ഥാപന സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.
ജനപരിഷത്തിന്റെ ആദ്യ സംസ്ഥാന സമിതിയിൽ ജനാർദ്ദനൻജി ഉപാദ്ധ്യക്ഷൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സെക്രട്ടറി, ഖജാൻജി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചു.
ഖാദി വസ്ത്രങ്ങൾ മാത്രം ധരിക്കുകയും മാതൃഭാഷയായ മലയാളത്തിൽ അല്ലാതെ ഇംഗ്ലീഷ് ഭാഷയിൽ നൽകുന്ന കല്യാണക്കുറികളുടെ ക്ഷണം നിരസിച്ച് വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും അദ്ദേഹം വാദിച്ചിരുന്നു. ജനകീയ ഭാഷയുടെ കാര്യത്തിലും പ്ലാച്ചിമട സമരത്തിലും അദ്ദേഹം ആദ്യ കാലം മുതൽ ഉറച്ചു നിന്നു. ഒടുവിൽ കഴിഞ്ഞ ജനുവരി 21, 22, 23 തിയതികളിൽ കോട്ടയത്ത് വച്ച് ചേർന്ന ദേശീയ കർഷക ഏകോപന സമിതി യോഗത്തിനും അദ്ദേഹം പിന്തുണ നൽകി. ശാരീരികമായി വളരെ ബുദ്ധിമുട്ടിലായിട്ടും നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ അദ്ദേഹം അന്വേഷിച്ച് വന്നിരുന്നു.

അദ്ദേഹത്തിന്റെ ദേഹവിയോഗം തീരാനഷ്ടമാണ്. സമാജവാദി ജനപരിഷത്തിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

*പാലക്കാട്ടു നിന്ന്‌ ചെർപ്പുളശേരിക്കുള്ള ദിശയിൽ ചെർപ്പുളശ്ശേരിയ്ക്ക്‌ 5 കിലോമീറ്റർ മുമ്പാണ്‌ അടക്കാപുത്തൂർ എന്നസ്ഥലം. മാങ്ങോട്‌ തപാലാപ്പീസിന്റെ പരിധിയിൽ (പിൻ- 679503)വരുമിതു്.

2017/01/19

ദേശീയ കർഷക ഏകോപനസമിതി


Published: Jan 19, 2017, 01:00 AM IST
കോട്ടയം: ദേശീയ കർഷക ഏകോപനസമിതി യോഗം 21ന് മാങ്ങാനം ക്രൈസ്തവാശ്രമത്തിൽ തുടങ്ങും. 23ന് ഉച്ചകഴിഞ്ഞു രണ്ടിന് തിരുനക്കര പഴയ പോലീസ്സ്റ്റേഷൻ മൈതാനത്ത് കർഷകമുന്നേറ്റ പ്രഖ്യാപനസമ്മേളനത്തിൽ കർഷകസംഘടനാ നേതാക്കൾക്കു സ്വീകരണം നൽകും. ഗാന്ധിമാർഗ സർവോദയ നേതാവ് അമർനാഥ് ഭായ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പങ്കെടുക്കാൻ കർഷകസംഘടനകൾക്ക് അവസരമുണ്ട്. വിവരങ്ങൾക്ക്: 9447347230

മാതൃഭൂമി

http://www.mathrubhumi.com/print-edition/kerala/kottayam-1.1664794